
തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് പുതുതായി 180 ബസുകൾ കൂടി സ്വന്തമാകുന്നു. നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാൻ കെഎസ്ആർടിസി തീരുമാനിച്ചു. 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനും 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനുമാണ് പുതുതായി വാങ്ങുന്നത്. ഇതിനുള്ള ടെൻഡർ ഉടൻ നൽകും.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കഴിഞ്ഞ ദിവസം കെഎസ്ആർടിസി നേടിയിരുന്നു. 10.19 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസി നേടിയത്. പുതിയ ബസുകളുടെ വരവും, ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങി കെഎസ്ആർടിസിയിൽ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളുമാണ് വരുമാനം മെച്ചപ്പെടുത്താൻ കാരണമെന്നാണ് വിലയിരുത്തൽ.