
തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കാനാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു. ഇത് വിജയമായതോടെയാണ് സംസ്ഥാനത്താകെ ദീര്‍ഘദൂര ബസുകളില്‍ ഒരു മാസത്തിനകം സംവിധാനം നടപ്പിലാക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചത്.
യാത്രക്കാരും കണ്ടക്ടറുമായി പലപ്പോഴും വാക്കേറ്റത്തിലേക്ക് നീങ്ങുന്ന ഒന്നാണ് ചില്ലറയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ക്കും യാത്രക്കാര്‍ക്കും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടിനും ഇതോടെ പരിഹാരമാകും.
കണ്ടക്ടര്‍മാര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കുന്നതിനു പുറമെ എ ടി എം കാര്‍ഡ് സ്വൈപ്പ് ചെയ്ത് പണമടക്കാനുള്ള സൗകര്യവുമുണ്ടാകും. യാത്രക്കാരന്‍ ഓണ്‍ലൈനായി അയയ്ക്കുന്ന പണം കെ എസ് ആര്‍ ടി സിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന രീതിയിലാണ് സംവിധാനം.
ലൈവ് ബുക്കിംഗ് സംവിധാനം
നിലവില്‍ ദീര്‍ഘദൂര ബസുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ വണ്ടി പുറപ്പെട്ടു കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. ഇതിന് പരിഹാരമായി ലൈവ് ബുക്കിംഗ് സംവിധാനം കൊണ്ടുവരും. ഇതിലൂടെ ബസ് സര്‍വീസ് ആരംഭിച്ചാലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ബസുകള്‍ അതത് സ്റ്റാന്‍ഡുകളില്‍ എത്തിച്ചേരുന്നതിന് തൊട്ടു മുന്‍പ് തന്നെ അതേ സ്റ്റാന്‍ഡില്‍ നിന്നു ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്.