
സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നേരിടാൻ ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് കെഎസ്ആർടിസി. എല്ലാ സർവീസുകളും സാധാരണ പോലെ പ്രവർത്തിക്കണം എന്നാണ് നിർദേശം. ദീർഘദൂര, അന്തർസംസ്ഥാന സർവീസുകളും പ്രവർത്തിക്കണമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനുമാണ് ഉത്തരവ്. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറാണ് നിർദേശം നൽകിയത്.
ദേശീയ പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞിരുന്നു. പണിമുടക്കിൽ പങ്കെടുക്കാൻ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ നിലവിൽ സന്തുഷ്ടരാണെന്നുമായിരുന്നു മന്ത്രിയുടെ വാദം. മന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഎമ്മും സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകളും രംഗത്തെത്തിയിരുന്നു. എല്ലാ തൊഴിലാളികളും പണിമുടക്കണമെന്നാണ് പാർട്ടി നിലപാടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, പണിമുടക്കിൽ പങ്കെടുക്കുമെന്ന് കാണിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ സിഎംഡിക്ക് നോട്ടീസും നൽകി. കെഎസ്ആർടിസി സർവീസ് നാളെ സ്തംഭിക്കുമെന്ന് എൽഡിഎഫ് കൺവീനറും സിഐടിയു സംസ്ഥാന അധ്യക്ഷനുമായ ടി.പി. രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ആണ് സർവീസ് സാധാരണ പോലെ നടക്കണമെന്ന കെഎസ്ആർടിസുടെ നിർദേശം എന്നത് ശ്രദ്ധേയമാണ്. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുമായി പോരിനാണോ ഗതാഗത വകുപ്പിന്റെ തീരുമാനം എന്നതാണ് ഇനി കണ്ടറിയേണ്ടത്.