
കൊച്ചി: യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റെ ഓഡിയോ സന്ദേശം. രാഹുൽ തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് മെസേജ് അയച്ചതിനെ തുടർന്ന് അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി ആഷിക് ആരോപിച്ചു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യമോ സമയമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ജോർജും രാഹുലിനെതിരെ വിമർശനം ഉന്നയിച്ചു. ജില്ലാ ഭാരവാഹികളിൽ 70% പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് ചെറിയാൻ ജോർജ് ചൂണ്ടിക്കാട്ടി.
“ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നത്?” എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉയരുന്ന പ്രധാന വിമർശനം. പാർട്ടിക്കുള്ളിൽ ഈ വിഷയത്തിൽ തുടർചർച്ചകൾ നടക്കുമ്പോൾ, രാഹുലിന്റെ നിലപാടും പാർട്ടിയുടെ തുടർനടപടികളും ശ്രദ്ധേയമാകുകയാണ്. രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു. വ്യാപകമായ ആരോപണങ്ങൾ ഉയർന്നിട്ടും രാജിവെക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് രാഹുൽ.