അധ്യാപകൻ കർട്ടൺ താഴ്ത്തി വിവാദത്തിലായ കുമ്പള സ്കൂൾ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യ മൈം നാളെ വീണ്ടും, ആരോപണ വിധേയരെ മാറ്റിനിർത്തും

കാസർകോട് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം ഷോ, ഒരു അധ്യാപകൻ കർട്ടൻ താഴ്ത്തിയതിനെ തുടർന്ന് മുടങ്ങിയിരുന്നു. ഈ സംഭവത്തെത്തുടർന്ന് നിർത്തിവച്ച കലോത്സവം തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കാനും മൈം ഷോ ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും അവതരിപ്പിക്കാനും തീരുമാനിച്ചു. ആരോപണ വിധേയരായ രണ്ട് അധ്യാപകരെ മാറ്റിനിർത്തിയാണ് പരിപാടി നടത്തുക. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

മൈം ഷോ മുഴുവനാക്കും മുമ്പ് കർട്ടൻ താഴ്ത്തിയതിനെതിരെ എഎസ്എഫും എസ്എഫ്ഐയും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പിടിഎ യോഗത്തിനിടെ നടന്ന മാർച്ചിനിടയിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കലാരൂപം തടയുന്നതും അതിന്റെ പേര് പറഞ്ഞ് കലോത്സവം നിർത്തിവയ്ക്കുന്നതും ശരിയല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച പറ്റിയതായി പിടിഎ പ്രസിഡന്റ് എ.കെ. ആരിഫ് സമ്മതിച്ചു. രണ്ട് അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു സംഭവത്തിൽ വ്യക്തത വരുത്താൻ അന്വേഷണം നടത്തുമെന്നും കലോത്സവം തിങ്കളാഴ്ച പുനരാരംഭിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു.

More Stories from this section

family-dental
witywide