
ലഡാക്കിലെ പ്രതിഷേധത്തിൽ പങ്കെടുത്ത 50 പേർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. അതേസമയം, സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച ലേയിലും ലഡാക്കിലും ഉണ്ടായ സംഘർഷത്തിൽ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ രംഗത്തെത്തി. നിരാഹാര സമരം പിൻവലിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും അത് തുടർന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണം.
സോനം വാങ്ചുക്കിന്റെ പ്രകോപന പ്രസ്താവനകളാണ് ജനക്കൂട്ടത്തെ സംഘർഷ പാതയിലേക്ക് നയിച്ചതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. പ്രക്ഷോഭത്തിൽ പൊലീസ് വാഹനത്തിന് തീയിട്ടു. മുപ്പതോളം പൊലീസുകാർക്ക് പരിക്കേറ്റു. നിലവിൽ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത പ്രഖ്യാപിച്ച കർഫ്യൂ ലഡാക്കിലെ ലേ ജില്ലയിൽ കർഫ്യൂ തുടരുകയാണ്. കലാപമുണ്ടാക്കുന്നവരെ തടയണമെന്ന് രാഷ്ട്രീയ പാർട്ടികളോടും മതവിഭാഗങ്ങളോടും അദ്ദേഹം നിർദേശിച്ചു.