
പട്‌ന : സമൂഹമാധ്യമത്തിലൂടെ പ്രണയം വെളിപ്പെടുത്തിയ മകന്‍ തേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കി കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു.
താന്‍ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് ഇദ്ദേഹത്തിന്റെ മൂത്തമകന്‍ തേജ് പ്രതാപ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ആറു വര്‍ഷത്തേക്കാണ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍നിന്നു പുറത്താക്കിയത്.
”മൂത്ത മകന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും ചേര്‍ന്നതല്ല. അതിനാല്‍, ഞാന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കുന്നു. ഇനി മുതല്‍, അദ്ദേഹത്തിന് പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാന്‍ അദ്ദേഹത്തിന് കഴിയും”- ലാലുപ്രസാദ് യാദവ് എക്‌സില്‍ കുറിച്ചു.
2018ല്‍ തേജ് പ്രതാപ് വിവാഹിതനാകുകയും പിന്നീട് ഭാര്യയുമായി പിരിഞ്ഞു കഴിയുകയുമായിരുന്നു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. ദമ്പതികളുടെ വിവാഹമോചന ഹര്‍ജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ ദിവസമാണ് അനുഷ്‌ക യാദവ് എന്ന യുവതിയുമായി താന്‍ പ്രണയത്തിലാണെന്ന് 37 വയസ്സുകാരനായ തേജ് പ്രതാപ് വെളിപ്പെടുത്തിയത്. 12 വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപിന്റെ തുറന്നുപറച്ചില്‍.