
വയനാട്ടിലെ താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിന് സമീപമുള്ള വ്യൂ പോയിന്റിനടുത്ത് കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈകിട്ട് എഴ് മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിൽ മൂലം റോഡിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടതോടെ, കല്പറ്റയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി മരങ്ങളും കല്ലുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തൽക്കാലം അടിവാരത്തു നിന്ന് ചുരത്തിലേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത് പൊലീസ് നിർത്തിവെച്ചിട്ടുണ്ട്. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. വയനാട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഗതാഗത തടസ്സം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്, എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതർ അതീവ ജാഗ്രത പുലർത്തുകയാണ്. വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് ടി സിദ്ദിഖ് എം എൽ എ പ്രതികരിച്ചു.
ഒരു വാഹനത്തിന് കടന്നുപോകാൻ കഴിയുന്ന തരത്തിൽ മണ്ണുമാറ്റുന്നതിനുള്ള നീക്കം നടക്കുകയാണ്. മണ്ണ് മാറ്റുന്നതിന് സമയമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. മണ്ണും പാറയും മരങ്ങളുമാണ് ഇടിഞ്ഞു വീണിരിക്കുന്നത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കല്ലും മണ്ണും നീക്കുന്നത്. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും ഉള്ളിയേരി പേരാമ്പ്ര കുറ്റ്യാടി വഴിതിരിച്ചുവിടുന്നുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം നിലവിൽ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ കടത്തി വിടും. അതിന് ശേഷം ചുരം റോഡ് അടക്കും എന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ മഴ ഉണ്ടായിരുന്നില്ല. ചുരത്തിൽ ബസുകൾ ഉൾപ്പടെ കുടുങ്ങി കിടക്കുന്നുണ്ട്. നാളെ പാറകൾ കമ്പ്രസ്സർ ഉപയോഗിച്ച് പൊട്ടിക്കും.
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചുള്ള അറിയിപ്പ്
താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണ്.