
ന്യൂഡല്‍ഹി : സുഡാനിലുണ്ടായ അതിമാരകമായ ഉരുള്‍പ്പൊട്ടലില്‍ ആയിരത്തിലധികം ജീവനുകള്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സുഡാനിലെ ദര്‍ഫര്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം പൂര്‍ണമായി ഒഴുകിപ്പോകുകയും ആയിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. വടക്കന്‍ തര്‍സീന്‍ ഗ്രാമത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ ശേഷിക്കുന്നത് എന്നാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി വ്യക്തമാക്കിയത്. ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്.
ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയെത്തുടര്‍ന്ന് സെന്‍ട്രല്‍ ദര്‍ഫറിലെ മാറാ പര്‍വതനിരകളിലെ തര്‍സീന്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ദുരന്തമുണ്ടായതെന്ന് സുഡാന്‍ ലിബറേഷന്‍ മൂവ്മെന്റ്-ആര്‍മി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം നടത്താന്‍പോലും കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ് ഈ മലയോര പ്രദേശം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി. രണ്ട് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധമുണ്ടാക്കിയ പട്ടിണി മൂലം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ ഇവിടെ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെയാണ് പ്രകൃതിയും ദുരന്തം വിതച്ചത്.