
വാഷിങ്ടന്‍ : സമ്പാദിച്ച സ്വത്തെല്ലാം കുടുംബത്തിലെ അടുത്ത തലമുറയ്ക്കായി കരുതിവയ്ക്കുന്നവരാകും മിക്കവരും. എന്നാല്‍ ലോകത്തെ ശതകോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനത്തുള്ള ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എല്ലിസന്റെ മനസ് അങ്ങനെയല്ല. അദ്ദേഹം തന്റെ സ്വത്തിന്റെ 95 ശതമാനവും ലോക നന്‍മയ്ക്കായി സംഭാവന ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2010ല്‍ നടത്തിയ ഗിവിങ് പ്ലെഡ്ജിന്റെ ഭാഗമായിട്ടാണ് ഇതുചെയ്യുക.
എല്ലിസണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വഴിയാണ് എല്ലിസണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്കും ചെലവഴിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, എഐ മേഖലയിലെ ഗവേഷണം എന്നീ മേഖലകളിലെ പ്രവൃത്തികള്‍ക്കുവേണ്ടിയാണ് സമ്പത്ത് ചെലവഴിക്കുക. ഇതിനുപുറമെ അര്‍ബുദ ഗവേഷണത്തിനു വേണ്ടിയും വലിയ തുക എല്ലിസണ്‍ സംഭാവന ചെയ്തിട്ടുണ്ട്.
ലോകത്തിലെ ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തുള്ള ഇലോണ്‍ മസ്‌കിനെ കടത്തിവെട്ടി കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയായിരുന്നു ലാറി എല്ലിസണ്‍. സോഫ്റ്റ്വെയര്‍ കമ്പനിയായ ഓറക്കിളിന്റെ ഓഹരി വില 40 ശതമാനം വര്‍ധിച്ചതോടെ സഹസ്ഥാപകനായ ലാറി എല്ലിസണ്‍, ഇലോണ്‍ മസ്‌കിനെ കടത്തിവെട്ടുകയായിരുന്നു. ബ്ലൂംബെര്‍ഗിന്റെ ബില്യനയേഴ്സ് സൂചികയില്‍ നിലവില്‍ ലാറി എല്ലിസന്റെ ആസ്തി 373 ബില്യന്‍ ഡോളറാണ്.













