
ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രധാന ഭീകരന്‍ റജുല്ല നിസാനി എന്ന അബു സൈഫുള്ള പാകിസ്ഥാനിലെ സിന്ധില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 2006ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഭീകരനാണ് സൈഫുള്ള. കൂടാതെ, റാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും ഐഐഎസ്സി ബാംഗ്ലൂരിനെ ആക്രമിക്കാനുള്ള ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. 2005-ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനെ ആക്രമിച്ചതിലും 2001-ല്‍ റാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും സൈഫുള്ളയ്ക്ക് പങ്കുണ്ടായിരുന്നു.
നേപ്പാളിലെ ഒരു ലഷ്‌കര്‍ താവളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ഭീകരര്‍ക്ക് ധനസഹായം, റിക്രൂട്ട്മെന്റ്, എന്നിവ കൈകാര്യം ചെയ്തുവരികയായിരുന്നു. മാത്രമല്ല, തീവ്രവാദികളെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ഫണ്ട് സ്വരൂപിക്കാനും സഹായിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലഷ്‌കറിന്റെ ഓപ്പറേഷണല്‍ കമാന്‍ഡര്‍ അസം ചീമ എന്ന ബാബാജിയുടെ കൂട്ടാളിയായിരുന്നു സൈഫുള്ള.