
ന്യൂഡല്‍ഹി: മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് ഇന്ത്യ. ഭട്ടിന്‍ഡയില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം.
പാകിസ്താൻ ഇന്ത്യയിലെ നാല് വ്യോമകേന്ദ്രളാണു ലക്ഷ്യം വെച്ചത്. എന്നാൽ, ഇതെല്ലാം ഇന്ത്യൻ സൈന്യം നിർവീര്യമാക്കി.
ആക്രമണം നടക്കുന്ന സമയത്ത് സിവിലയന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയില്‍ സിവിലയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഡാലോചനയാണ് പാകിസ്താന്‍ നടത്തിയത്. പാകിസ്താന്റെ നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്. സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാകിസ്താൻ ഡ്രോണുകൾ ഇന്ത്യയിലേക്കു പറത്തിയതെന്ന് സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പലതവണ പാകിസ്താൻ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു.ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരിശോധിക്കാനാണ് ഡ്രോണുകൾ അയച്ചതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ആക്രമണത്തില്‍ പാകിസ്താന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി.
നിയന്ത്രണ രേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് നടത്തി. മോര്‍ട്ടാറുകളും ഹെലി കാലിബര്‍ ആര്‍ട്ടിലറികളുമുപയോഗിച്ച് പാകിസ്താന്‍ ആക്രമണം നടത്തി. ഇന്ത്യയിലെ 36 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. ആക്രമിക്കാന്‍ ഉപയോഗിച്ചത് 500 ഡ്രോണുകളാണെന്നും അതില്‍ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടെന്നും സൈന്യം വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷിയും എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
launched Turkish-made drones at Indian cities Armed force press meet