
ന്യൂഡല്‍ഹി: കാനഡയിലെ ഒന്റാറിയോയിലെ മിസിസാഗയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സിഖ് ബിസിനസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ തങ്ങളെന്ന് ലോറന്‍സ് ബിഷ്ണോയി സംഘം.
ഉത്തരാഖണ്ഡിലെ ബസ്പൂരില്‍ നിന്നുള്ള ഹര്‍ജിത് സിംഗ് ധദ്ദയാണ് ട്രാന്‍മെയര്‍ ഡ്രൈവിനും ടെല്‍ഫോര്‍ഡ് വേയ്ക്കും സമീപം രാവിലെ 11.53 ന് നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ട്രക്കിംഗ് സേഫ്റ്റി ആന്‍ഡ് ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്‍സി നടത്തിവരികയായിരുന്നു ഇദ്ദേഹം. ധദ്ദ തന്റെ കാറിനടുത്ത് നില്‍ക്കുമ്പോള്‍, പതിയിരുന്ന അക്രമികള്‍ അടുത്തുവന്ന് 20 റൗണ്ട് വെടിയുതിര്‍ത്ത് ഓടി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരാവസ്ഥയിലായ ദദ്ദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പിലെ ബിഷ്ണോയിയുടെ സഹായി രോഹിത് ഗോദാര കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവന്‍ അര്‍ഷ് ദല്ലയ്ക്ക് ജാമ്യം ലഭിക്കാന്‍ ധദ്ദ സഹായിച്ചുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു രോഹിത് ഗോദാര.
”രോഹിത് ഗോദാര എന്ന ഞാനും ഗോള്‍ഡി ബ്രദറും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഈ മനുഷ്യന്‍ നമ്മുടെ ശത്രുക്കളുമായി അടുപ്പത്തിലായിരുന്നു. അര്‍ഷ് ദല്ലയ്ക്കും സുഖ ദുനുകെയ്ക്കും ധദ്ദ പണം നല്‍കി. നമ്മുടെ ശത്രുവിനെ പിന്തുണയ്ക്കുന്നവരുടെ വിധി ഇതായിരിക്കും, ” ഗോദാര ഒരു പോസ്റ്റില്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന് പകരക്കാരനായി ചുമതലയേറ്റ ദല്ല 2020 ജൂലൈയില്‍ കാനഡയിലേക്ക് പലായനം ചെയ്തു. കൊലപാതകം, പിടിച്ചുപറി, കൊലപാതകങ്ങള്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്ക് ബന്ധമുണ്ട്. ഇയാള്‍ക്കെതിരെ 13 ലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2023 ജനുവരിയില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചു.