
തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് വിപുലമായ പ്രചാരണ പരിപാടികൾക്ക് രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ‘കേരള യാത്ര’ ഉടൻ ആരംഭിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന യാത്രയിലൂടെ സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനും ജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനുമാണ് മുന്നണി ലക്ഷ്യമിടുന്നത്. യാത്രയുടെ ഔദ്യോഗിക തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ പ്രഖ്യാപിക്കും.
യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വലിയ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും അണിനിരക്കും. ഭരണവിരുദ്ധ വികാരം മറികടക്കാനും ഓരോ മണ്ഡലത്തിലെയും പ്രാദേശിക പ്രശ്നങ്ങൾ അടുത്തറിയാനും ഈ ജനസമ്പർക്ക പരിപാടി സഹായിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. താഴെത്തട്ടിലുള്ള പാർട്ടി സംവിധാനങ്ങളെ സജീവമാക്കുക എന്നതും ഈ യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
കേരള യാത്രയ്‌ക്ക് പുറമെ കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളും ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കും സാമ്പത്തിക അവഗണനയ്ക്കുമെതിരെ ജനുവരി 12-ന് തിരുവനന്തപുരത്ത് വച്ച് വലിയ രീതിയിലുള്ള സമരപ്രഖ്യാപനം നടത്തും. കേന്ദ്ര വിരുദ്ധ വികാരം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി പ്രവർത്തകരിൽ ആവേശം നിറയ്ക്കുകയാണ് ഈ സമരത്തിലൂടെ എൽഡിഎഫ് ലക്ഷ്യം വെക്കുന്നത്.












