
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ പ്രായോഗികമായി നടപ്പിലാക്കിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്നും പിണറായി വാഴ്ത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം സാമ്പത്തികവും സാമൂഹികവുമായ ഉന്നതിയിലേക്ക് വളർന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും വേണ്ടിയുള്ളതായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എസ്എൻഡിപി യോഗം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടി, വിദ്യാഭ്യാസത്തിലൂടെ പിന്നോക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവന്നു. ഗുരുവിന്റെ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ എസ്എൻഡിപിയുടെ പങ്ക് നിർണായകമാണെന്നും, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഈ സംഘടനയ്ക്ക് സവിശേഷ സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വർഗീയതയും ജാതിചിന്തയും ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും, ഇത്തരം പിന്തിരിപ്പൻ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ വർഗീയ ശക്തികൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഗുരു വർഗീയതയെ എതിർത്ത മഹാനായ നേതാവാണെന്നും, അദ്ദേഹത്തിന്റെ ആശയങ്ങൾ സമൂഹത്തിൽ ഐക്യവും പുരോഗതിയും കൊണ്ടുവരാൻ വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.














