
ഫോമായുടെ 2026 -28 പ്രസിഡന്റായി മത്സരിക്കുന്ന മാത്യു വര്‍ഗീസും (ജോസ് -ഫ്‌ളോറിഡ) സെക്രട്ടറിയായി മത്സരിക്കുന്ന അനു സ്‌ക്കറിയയും (ഫിലാഡല്‍ഫിയ) വിവിധ നഗരങ്ങളിലെ ഫോമാ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയും ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.

മികച്ച പിന്തുണയാണ് തങ്ങള്‍ക്ക് എല്ലായിടത്തും നിന്നും ലഭിച്ചതെന്നും അതില്‍ അതീവ നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു. ഇലക്ഷന് ഒന്നര വര്‍ഷമുള്ളതിനാല്‍ കര്‍മ്മപരിപാടികളും മറ്റും പ്രഖ്യാപിച്ച് വലിയ തോതിലുള്ള പ്രചാരണം നടത്താന്‍ ഉദ്ദേശമില്ല. എന്നാല്‍ എല്ലാവരുമായുള്ള ബന്ധം തുടരും. സംഘടനക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിനെപ്പറ്റി ചര്‍ച്ചകള്‍ തുടരും.

എല്ലായിടത്തും ദേശീയ-പ്രാദേശിക നേതാക്കള്‍ എത്തുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. മൂന്നു പതിറ്റാണ്ടിലേറെയായി മാത്യു വര്‍ഗീസുമായുള്ള ബന്ധം അവര്‍ അനുസ്മരിച്ചു. നിരന്തരം ഓരോ സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാതെ സംഘടനയില്‍ അവിരാമായി പ്രവര്‍ത്തിച്ചു എന്നതും പൊതുരംഗത്തും മീഡിയയിലും നിറഞ്ഞു നിന്നതും പലരും ചൂണ്ടിക്കാട്ടി. ചാരിറ്റി കാര്യത്തില്‍ നാട്ടിലേക്ക് മാത്രമല്ല ഇവിടെയും ശ്രദ്ധപതിപ്പിക്കണമെന്നു പലരും നിര്‍ദേശിച്ചു. ഫോമയ്ക്ക് ഒരു ആസ്ഥാനം പണിയാന്‍ ഓരോ ഭരണ സമിതിയും ഒരു സംഖ്യ വീതം നീക്കി വയ്ക്കണമെന്നും നിര്‍ദേശം വന്നു.

മറുപടി പ്രസംഗത്തില്‍, ചെയ്യാവുന്നതേ പറയു എന്നും, പറയുന്നത് ചെയ്തിരിക്കുമെന്നും മാത്യു വര്‍ഗീസ് ഉറപ്പു നല്‍കി. താല്‍ക്കാലിക നേട്ടത്തിന് വേണ്ടി വാഗ്ദാനങ്ങള്‍ നല്‍കുന്ന രീതിയൊന്നും തനിക്കില്ല. സംഘടനക്ക് ആസ്ഥാനം നിര്‍മ്മിക്കാന്‍ ഒരു സംഖ്യ തീര്‍ച്ചയായും തങ്ങള്‍ നീക്കി വയ്ക്കും. സംഘടനയില്‍ താന്‍ എന്നും സജീവമായി ഉണ്ടായിരുന്നു. 2004 ഇലക്ഷനില്‍ നാഷണല്‍ ട്രെഷററായിരുന്നു. ഫോമാ രൂപം കൊണ്ടപ്പോള്‍ ബാലാരിഷ്ടതകള്‍ നേരിടാന്‍ മറ്റുള്ളവര്‍ക്കൊപ്പം കൈ കോര്‍ത്തു. പിന്നീട് പി.ആര്‍.ഓ ആയും മയാമി കണ്‍വന്‍ഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഫ്ളോറിഡയില്‍ നിന്ന് ആനന്ദന്‍ നിരവേലും ജെയിംസ് ഇല്ലിക്കലും മത്സര രംഗത്ത് വന്നപ്പോള്‍ അവര്‍ക്കായി താന്‍ വഴി മാറുകയായിരുന്നു. ഇപ്പോള്‍ മത്സരിക്കാന്‍ സമയമായതായി കാണുന്നു. മികച്ച ഒരു പാനല്‍ ആണ് തനിക്കൊപ്പം രംഗത്തു വരുന്നത്.

ഇതിനിടെ ഏഷ്യാനെറ്റ് ഓപ്പറേഷന്‍സ് മാനേജരായും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പ്രസ് ക്ലബ് ദേശീയ പ്രാധാന്യമുള്ള കണ്‍വന്‍ഷനുകള്‍ ഇവിടെയും നാട്ടിലും നടത്തി. സാമൂഹിക രംഗത്ത് താന്‍ സജീവമായി എന്നും ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടാനാണ് ഇത് പറഞ്ഞത്-മാത്യു വര്‍ഗീസ് പറഞ്ഞു.

ഗ്രെയ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡഫിയയിലെ (മാപ്പ്) സജീവപ്രവര്‍ത്തകനായിരുന്ന പിതാവില്‍ നിന്നാണ് സംഘടനാ രംഗത്തേക്കുള്ള തുടക്കമെന്ന് അനു സ്‌കറിയ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം കഴിഞ്ഞ് പിതാവ് വൈകി വരുന്നതില്‍ ആദ്യകാലത്ത് തനിക്ക് നീരസമായിരുന്നു. പിന്നീട് സംഘടനയില്‍ യുവജന തലത്തില്‍ പ്രവര്‍ത്തിക്കാന്‍ മനസില്ലാമനസോടെയാണ് താന്‍ ഇറങ്ങിയത്. ആ ചിന്ത പിന്നീട് മാറി. അതിനു ശേഷം മാപ്പ് പ്രസിഡന്റായി. ഈ കാലത്തെല്ലാം മികച്ച പ്രവര്‍ത്തനം നടത്താനും യുവാക്കളെയും വനിതകളെയും സംഘടനയിലേക്കു കൊണ്ടുവരാനും കഴിഞ്ഞത് വലിയ നേട്ടമായി. ഫോമായിലും യുവജനതയെ സംഘടിപ്പിക്കുവാന്‍ മുന്നോട്ടു കൊണ്ടുവരാനായി. കഴിഞ്ഞ തവണ ഇലക്ഷന്‍ കമ്മീഷണര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു. യുവജനതയെ കൂടുതലായി സംഘടനയില്‍ എത്തിക്കുക എന്നതായിരിക്കും തന്റെ ദൗത്യം-അനു സ്‌കറിയ പറഞ്ഞു.







