ജീവനക്കാര്‍ സന്തുഷ്ടരാണെന്ന് മന്ത്രിയോട് ആര് പറഞ്ഞു ? ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍, കെ.എസ്.ആര്‍.ടി.സിയും നാളെ നിരത്തിലിറങ്ങില്ല

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍ രംഗത്ത്. കെ എസ് ആര്‍ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ സി.ഐ.ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. മാത്രമല്ല, നാളെ ആരെങ്കിലും കെ എസ് ആര്‍ ടി സി ബസ് നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്ന വെല്ലുവിളിയും ടി.പി നടത്തിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തടയാന്‍ തൊഴിലാളികള്‍ ഉണ്ടല്ലോ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കെഎസ്ആര്‍ടിസി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണെന്നും മന്ത്രി ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്. എന്നാല്‍, ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മാത്രമല്ല, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നാളെ പണിമുടക്കുമെന്നും തൊഴിലാളികള്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെ സഹകരിക്കണമെന്നും കടകള്‍ തുറക്കരുതെന്നും ടി പി രാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആര്‍ ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം എടുത്തുകാട്ടി.

നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആര്‍ ടി സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞത്. ഗതാഗതമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും നേതാക്കള്‍ പുറത്തുവിട്ടു. എന്നാല്‍, സി ഐ ടി യു അടക്കമുള്ള യൂണിയനുകള്‍ നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു.

More Stories from this section

family-dental
witywide