തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ അടിതെറ്റി ഇടതുപക്ഷം; രാഹുൽ വിവാദത്തിൽ തളരാതെ തരംഗമായി യുഡിഎഫ്, നേട്ടം കൊയ്ത് ബിജെപിയും

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് എൽഡിഎഫ്. നിയമസഭയിൽ മൂന്നാം തവണയും തുടർഭരണം ലഭിക്കുക എന്ന എല്‍ഡിഎഫിൻ്റെ ലക്ഷ്യം തകർക്കുന്ന തോൽവിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഏറ്റ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും ഇടതുപക്ഷത്തിന് കരകയറാന്‍ എളുപ്പമാവില്ല. നാല് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനലായി വിശേഷിപ്പിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ച സംസ്ഥാനത്ത് വരാനിരിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍, സിപിഐഎം സംസ്ഥാന നേതൃത്വം ഇത് പാടേ തള്ളിക്കളയുകയായിരുന്നു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടും കോൺഗ്രസിന് വൻ നേട്ടമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടാനായത്.

ശബരിമല സ്വര്‍ണക്കൊള്ളയായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചരണായുധം. ഈ ആയുധം എല്‍ഡിഎഫിന് കനത്ത ആഘാതം സൃഷ്ടിച്ചുവെന്ന് തന്നെയാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ബിജെപി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സൂചന നല്‍കുന്നുണ്ട്. വാര്‍ഡ് വിഭജനം അടക്കം വളരെ ശ്രദ്ധയോടെ നടത്തിയിട്ടും ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതും തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിക്കുകയാണ്.

സിപിഐഎമ്മിന്റെ രാഷ്ട്രീയ നിലപാടില്‍ ഉണ്ടായ മാറ്റവും വലിയ തിരിച്ചടിക്ക് വഴിയൊരുക്കി. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷം പൂര്‍ണമായും ഇടത് പക്ഷത്തെ കൈയ്യൊഴിയുന്ന കാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം കോട്ടയം ജില്ലയില്‍ തകര്‍ന്നടിഞ്ഞതും ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന രാഷ്ട്രീയ സംഭവമാണ്.

Left party suffers complete defeat in local body elections; UDF, undeterred by Rahul controversy, makes waves, BJP also gains

More Stories from this section

family-dental
witywide