
ന്യൂഡല്‍ഹി : ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ നിര്‍ദ്ദിഷ്ട ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് സുപ്രീം കോടതി. ‘ജീവിതാവസാനം വരെ തടവ്’ എന്നു പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത കുറ്റവാളികളെ വിട്ടയയ്ക്കാന്‍ ‘ഇളവ്’ ഉത്തരവ് ആവശ്യമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
2002 ലെ നിതീഷ് കട്ടാര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖ്‌ദേവ് പെഹല്‍വാന്റെ 20 വര്‍ഷത്തെ തടവ് കാലാവധി പൂര്‍ത്തിയായതിനാല്‍ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് തീര്‍പ്പാക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. പെഹല്‍വാനെപ്പോലുള്ള ആജീവനാന്തം ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ട കുറ്റവാളികളുടെ കേസുകളില്‍ ജയില്‍ മോചനത്തിന് ‘ഇളവ്’ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി.നാഗരത്‌ന, ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും ജയിലില്‍ കഴിയുന്ന പ്രതികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി, ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കിയ എല്ലാവരെയും ഉടന്‍ മോചിപ്പിക്കാനും നിര്‍ദേശിച്ചു. ഈ മനോഭാവം തുടര്‍ന്നാല്‍, എല്ലാ കുറ്റവാളികളും ജയിലില്‍ മരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.