
പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖലയെ വിവാദത്തിലാക്കിയ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ വിവാദം കനക്കുന്നു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ തന്റെ ജീവൻ അപകടത്തിലായപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയാണ് രക്ഷപ്പെട്ടതെന്നാണ് സജി ചെറിയാൻ പറഞ്ഞത്. ഡെങ്കിപ്പനി ബാധിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ 14 ദിവസം ബോധരഹിതനായി കിടന്നെന്നും, പിന്നീട് അമൃത ആശുപത്രിയിൽ ചികിത്സ തേടിയതാണ് ജീവൻ രക്ഷിച്ചതെന്നുമായിരുന്നു മന്ത്രി വെളിപ്പെടുത്തിയത്. സ്വകാര്യ ആശുപത്രികളിൽ കൂടുതൽ ആധുനിക സാങ്കേതിക വിദ്യകൾ ഉണ്ടെന്നും, അതിനാൽ മന്ത്രിമാർ ഉൾപ്പെടെ പലരും അവിടേക്ക് പോകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പ്രസ്താവന ആരോഗ്യവകുപ്പിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ബിജെപിയും കോൺഗ്രസും ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള വിമർശനം ശക്തമായതോടെ പ്രസ്താവനയിൽ തിരുത്തുമായി മന്ത്രി സജി ചെറിയാൻ തന്നെ രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിച്ച് വ്യാഖ്യാനിച്ചതാണെന്ന് വിശദീകരിച്ച മന്ത്രി, ആരോഗ്യമന്ത്രിയെ ബലിയാടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചു.
തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രി സജി ചെറിയാൻ വിശദീകരിച്ചു. സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് പറഞ്ഞത്. തന്റെ ആരോഗ്യ നില പരിഗണിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നെങ്കിൽ അവിടേക്ക് പോകുമായിരുന്നെന്നും സജി ചെറിയാൻ വ്യക്തമാക്കി.














