
ന്യൂഡല്‍ഹി : ഒഡിഷയില്‍ മിന്നലേറ്റ് 9 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം ഉള്‍പ്പെടുന്നു. നിരവധിപ്പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം.
മരിച്ചവരില്‍ മൂന്നുസ്ത്രീകള്‍ ഒരു കുടുംബത്തിലുള്ളവരാണ്. വയലില്‍ ജോലി ചെയ്യുന്നതിനിടെ കനത്ത മഴ പെയ്തതോടെ സമീപത്തെ താല്‍ക്കാലിക ഷെഡില്‍ അഭയം തേടിയവര്‍ക്കാണ് മിന്നലേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 65കാരന്‍ മിന്നലില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ചില ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു.
നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇരകളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ അടിയന്തര ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.