വാഷിങ്ടൺ: പുതുവർഷത്തിൽ അമേരിക്കയെ ഞെട്ടിച്ച രണ്ട് ആക്രമങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന സംശയം ബാലപ്പെടുന്നു. ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പ് നടത്തിയ ഷംസുദ്ദീന്‍ ജബാറും ഡോണള്‍ഡ് ട്രംപിന്റെ ലാസ് വെഗാസിലെ ഹോട്ടലിന് മുന്നിൽ ആക്രമണം നടത്തിയ മാത്യു ലിവല്‍സ്‌ബെര്‍ഗറും അമേരിക്കൻ സേനയിലെ മുൻ സൈനികർ ആയിരുന്നു. ഷംസുദ്ദീനും മാത്യുവും ജോലി ചെയ്തത് ഒരേ സൈനിക താവളത്തിലായിരുന്നു എന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെയാണ് രണ്ട് ആക്രമണങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടത്. എഫ്ബിഐ തന്നെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുന്നു എന്നാണ് വിവരം.
രണ്ടാക്രമണങ്ങളിലും ഉപയോഗിച്ച കാറുകള്‍ ‘ടൂറോ’ വഴി വാടകയ്ക്ക് എടുത്ത ഇലക്‌ട്രിക് വാഹനങ്ങളായിരുന്നു. രണ്ടാക്രമണങ്ങളും വെറും യാദൃശ്ചിക സംഭവങ്ങള്‍ മാത്രമാണോ എന്നകാര്യവും അന്വേഷണ ഏജൻസി തള്ളിക്കളയുന്നില്ല. പൊട്ടിത്തെറിച്ച ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ഗ്യാസ് സിലിണ്ടറും ഇന്ധനവും എല്ലാം കണ്ടെടുത്തിരുന്നു. എങ്ങനെയാണ് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിലാകും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുക.
അതേസമയം അമേരിക്കയിൽ നടന്ന ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഭീകരാക്രമണങ്ങളെ നേരിടാൻ ഇന്ത്യ, അമേരിക്കക്കൊപ്പമുണ്ടെന്ന സന്ദേശമാണ് മോദി നൽകിയത്. ഇരകൾക്കും, കുടുംബങ്ങൾക്കുമൊപ്പം ഇന്ത്യയുണ്ടാകുമെന്നും മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണമേറ്റുവാങ്ങിയവർക്കും അവരുടെ കുടുംബങ്ങൾക്കും അത് അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















