
ഡൽഹി: അർജന്റീന ഫുട്ബോൾ ടീം നായകനായ ലയണൽ മെസി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് സ്ഥിരീകരണം. കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്തയാണ് ഇക്കാര്യം വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചത്. മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോർജെ മെസിയുടെയും സംഘത്തിന്റെയും അനുമതി ലഭിച്ചതായി ദത്ത അറിയിച്ചു. ഡിസംബർ 12ന് കൊൽക്കത്തയിലെത്തുന്ന മെസി, 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി എന്നിവിടങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തുമെന്നും ദത്ത വ്യക്തമാക്കി.
‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ എന്ന പേര് നൽകിയ ഈ സന്ദർശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മെസി തന്നെ ഈ മാസം 28നും സെപ്റ്റംബർ ഒന്നിനും ഇടയിൽ സമൂഹമാധ്യമങ്ങളിലൂടെ നടത്തുമെന്ന് സതാദ്രു ദത്ത പറഞ്ഞു. ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്ന ഈ സന്ദർശനം ഇന്ത്യയിൽ മെസിയുടെ ആദ്യ ഔദ്യോഗിക യാത്രയായിരിക്കും. കേരളത്തിൽ മെസി എത്തുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.