കൊൽക്കത്ത: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ‘GOAT ഇന്ത്യ ടൂർ 2025’ന്റെ ആദ്യ ഘട്ടമായ കൊൽക്കത്തയിലെ പരിപാടി അലങ്കോലമായതിൽ ബംഗാളിൽ രാഷ്ട്രീയ വിവാദം കത്തുന്നു. ഡിസംബർ 13ന് സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മെസ്സി വെറും 20 മിനിറ്റോളം മാത്രം ചെലവഴിച്ച് മടങ്ങിയതോടെ നിരാശരായ ആരാധകർ സ്റ്റേഡിയത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചിരുന്നു. വിഐപിമാരും രാഷ്ട്രീയക്കാരും മെസ്സിയെ വളഞ്ഞുനിന്നതാണ് ആരാധകരുടെ കാഴ്ച തടസ്സപ്പെടുത്തിയതെന്ന് ആരോപണമുയർന്നു. കായികമന്ത്രി അരൂപ് ബിശ്വാസ്, മന്ത്രി സുജിത് ബോസ് തുടങ്ങിയവർ മെസ്സിയോടൊപ്പം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ഗാലറിയിലിരുന്ന ആരാധകർ കുപ്പികളും കസേരകളും എറിയുകയും ബാനറുകൾ കീറുകയും ചെയ്തു. സംഘാടകനായ ശതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതിഷേധം ശക്തമാക്കി രംഗത്തെത്തി. മുഖ്യമന്ത്രി മമത ബാനർജി രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടിക്കറ്റ് തുക പൂർണമായും റീഫണ്ട് ചെയ്യണമെന്നും മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാകട്ടെ മമതയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സംഭവം ബംഗാളിൽ വൻ രാഷ്ട്രീയ ചർച്ചയായി മാറി.
മെസിയുടെ പരിപാടി അലങ്കോലമാക്കിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. ഗൂഢാലോചന നടത്തിയ ചിലർ ‘ജയ് ശ്രീറാം’ വിളികളുമായി എത്തിയത് ആരാധക വികാരം ചൂഷണം ചെയ്യാനാണോയെന്ന് ടിഎംസി നേതാവ് കുനാൽ ഘോഷ് ചോദിച്ചു. പരിപാടി സർക്കാർ സംഘടിപ്പിച്ചതല്ല, സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും അവർ വാദിച്ചു.
മുഖ്യമന്ത്രി മമത ബാനർജി മെസ്സിയോടും ആരാധകരോടും മാപ്പ് പറഞ്ഞു. സംഭവത്തിൽ റിട്ട. ജസ്റ്റിസ് അഷിം കുമാർ റേയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് പ്രതിനിധികൾ എന്നിവരടങ്ങുന്ന സമിതി ഉത്തരവാദികളെ കണ്ടെത്തുമെന്ന് അവർ അറിയിച്ചു. മെസ്സിയുടെ ഇന്ത്യാ ടൂർ ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് തുടരും.









