
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാഘട്ടത്തിലേയും അവസാനത്തെയും പോളിങ് ഇന്ന്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ 7 ന് ആരംഭിച്ച് വൈകിട്ട് 6 ന് അവസാനിക്കുന്ന സമയക്രമത്തിലായിരിക്കും വോട്ടെടുപ്പ്. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. രണ്ടുഘട്ടമായാണ് വോട്ടെടുപ്പ് നടന്നതെങ്കിലും സംസ്ഥാനത്തൊട്ടാകെ മറ്റെന്നാളായിരിക്കും വോട്ടെണ്ണൽ.
ആകെ വോട്ടർമാരുടെ എണ്ണം 1,53,37,176 ആണ്. ഇതിൽ പുരുഷൻമാർ 72,46,269 , സ്ത്രീകൾ 80,90,746, ട്രാൻസ്ജെൻഡർ 161, പ്രവാസി വോട്ടർ 3293 എന്നിങ്ങനെയാണ്. 18,974 പുരുഷൻമാരും, 20,020 സ്ത്രീകളുമടക്കം ആകെ 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും മലപ്പട്ടം, കണ്ണപുരം ഗ്രാമപ്പഞ്ചായത്തുകളിലായി 9 വാർഡുകളിലും കാസർകോട് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ വാർഡിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ വോട്ടെടുപ്പില്ല. യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ വോട്ടെടുപ്പു മാറ്റി. എന്നാൽ, ഈ വാർഡിലെ പോളിങ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നുണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, 7 ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോർപറേഷൻ എന്നിവിടങ്ങളിലായി 12,391 വാർഡുകളിലാണ് ഇന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാംകുളം വരെയുള്ള ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
Local body election, Final phase of voting in Kerala today.









