തദ്ദേശതിരഞ്ഞെടുപ്പ്; പ്രവാസി ഭാരതീയര്‍ക്കും പേരു ചേര്‍ക്കാം

തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടര്‍പട്ടിക പുതുക്കലിൽ പ്രവാസി ഭാരതീയര്‍ക്കും പേരു ചേര്‍ക്കാം. പ്രവാസി ഭാരതീയന്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഫാറം 4A യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.sec.kerala.gov.in എന്ന വെബ് സൈറ്റിലുണ്ട്. പ്രവാസി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ഒരു നിയോജകമണ്ഡലത്തിലെ / വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആര്‍.ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി സിറ്റിസൻ രജിസ്ട്രേഷൻ നടത്തണം. ‘പ്രവാസി അഡിഷൻ’ കോളം ക്‌ളിക് ചെയ്ത് ലോഗിന്‍ ചെയ്യുക. അപേക്ഷകന്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്‍കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം.അപേക്ഷകർക്ക് 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.

വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ ഭാരതപൗരനായിരിക്കണം.ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി നിലവിലുള്ള പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ സാധാരണ താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആര്‍.ഒയ്ക്ക് നേരിട്ടോ, രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.സമീപകാലത്ത് എടുത്ത പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ(3.5 സെ.മീ x സെ.മീ x 4.5 സെ.മീ വലിപ്പത്തിലുള്ളത്) അപ് ലോഡ് ചെയ്യണം. ഫോട്ടോ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യാത്തവര്‍, കഴിവതും വെള്ള പശ്ചാത്തലത്തില്‍ അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്കവിധം ഉള്ള ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കേണ്ടതാണ്.

അപേക്ഷയുടെ പ്രിന്റൗട്ട് തപാല്‍ മുഖേന അയക്കുകയാണെങ്കില്‍, അപേക്ഷകന്റെ വിസ മുദ്രണം ചെയ്തതുള്‍പ്പെടെയുള്ളതും, പാസ്‌പോര്‍ട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.അപേക്ഷ നേരിട്ട് ഇ.ആര്‍.ഒയ്ക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ പാസ്‌പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം, അസ്സല്‍ പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കേണ്ടതും പരിശോധന കഴിഞ്ഞ് തിരികെ വാങ്ങേണ്ടതുമാണ്.

More Stories from this section

family-dental
witywide