
തിരുവനന്തപുരം: കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവൻ പുറത്തിറക്കിയ 2026 ലെ കലണ്ടറിൽ ഹിന്ദു മഹാസഭാ നേതാവ് വി ഡി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിൽ വിവാദം. ഫെബ്രുവരി മാസത്തിന്റെ പേജിലാണ് സവർക്കറുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രശേഖർ ആസാദ്, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഒപ്പമുണ്ട്. ഈ പേജിലെ പ്രധാന ചിത്രം മുൻ രാഷ്ട്രപതിയും മലയാളിയുമായ കെ ആർ നാരായണന്റേതാണ്.
കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം തുടങ്ങിയ മേഖലകളിലെ പ്രമുഖരുടെ ചിത്രങ്ങളാണ് കലണ്ടറിന്റെ മുഖ്യ ആകർഷണം. ഇ എം എസ് നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ, സുഗതകുമാരി, കെ പി എസി ലളിത, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, മന്നത്ത് പത്മനാഭൻ, ഭരത്ഗോപി, ഒ. ചന്തുമേനോൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാണി മാധവ ചാക്യാർ തുടങ്ങിയവരുടെ ചിത്രങ്ങൾ കലണ്ടറിൽ ഇടംപിടിച്ചിട്ടുണ്ട്.
സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിലെ വ്യത്യസ്ത ധാരകളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വങ്ങളെ ഒരുമിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് കലണ്ടർ എന്ന വാദമുണ്ടെങ്കിലും ഇതിനിടയിൽ സവർക്കറെപ്പോലുള്ള വിവാദ പുരുഷന്മാരെ ഉൾപ്പെടുത്തിയത് ഔദ്യോഗിക കലണ്ടറിൽ അനാവശ്യമാണെന്ന വിമർശനമാണ് ഉയരുന്നത്. സവർക്കർക്ക് കേരളവുമായി എന്ത് ബന്ധം എന്ന ചോദ്യവും ഉയരുന്നുണ്ട്.















