
ന്യൂഡല്‍ഹി : വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പുകള്‍ ‘മോഷ്ടിക്കപ്പെടുന്ന’ കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്നും എന്നാല്‍ രാജ്യത്തെ യുവാക്കള്‍ തൊഴില്‍ മോഷണവും വോട്ട് മോഷണവും ഇനി സഹിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിആര്‍ പ്രവര്‍ത്തനങ്ങളിലും പ്രശസ്തരെക്കൊണ്ട് പുകഴ്ത്തിപ്പാടിക്കുന്നതിലും ശതകോടീശ്വരന്മാരുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള തിരക്കിലാണെന്നും വോട്ടുകള്‍ മോഷ്ടിച്ചും സ്ഥാപനങ്ങളെ തടവിലാക്കിയും ബിജെപി അധികാരത്തില്‍ തുടരുകയാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
ഒരു സര്‍ക്കാര്‍ പൊതുജനവിശ്വാസം നേടി അധികാരത്തില്‍ വരുമ്പോള്‍, അതിന്റെ പ്രഥമ കടമ യുവാക്കള്‍ക്ക് തൊഴിലും അവസരങ്ങളും നല്‍കുക എന്നതാണ്, അദ്ദേഹം പറഞ്ഞു. ബിജെപി തിരഞ്ഞെടുപ്പുകളില്‍ സത്യസന്ധമായി വിജയിക്കുന്നില്ല – വോട്ടുകള്‍ മോഷ്ടിച്ചും സ്ഥാപനങ്ങളെ നിയന്ത്രിച്ചും അവര്‍ അധികാരത്തില്‍ തുടരുന്നു,’ അതുകൊണ്ടാണ് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതെന്ന് രാഹുല്‍ ആരോപിച്ചു. നിയമന പ്രക്രിയകള്‍ തകര്‍ന്നെന്നും യുവാക്കളുടെ ഭാവി അപകടത്തിലാകുന്നുവെന്നും അതുകൊണ്ടാണ് ഓരോ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഓരോ നിയമനവും അഴിമതിയുടെ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.