
ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്കുമേല്‍ കര്‍ശന നിരോധനമേര്‍പ്പെടുത്തുന്ന ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് ലോകസഭയിൽ ബില്ല് അവതരിപ്പിച്ചത്. രാജ്യത്ത് ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് ഓൺലൈൻ ഗെയിമിംഗ് ബിൽ നിയമഭേദഗതി ചെയ്യുന്നത്. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ലോക്‌സഭയില്‍ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു ഓണ്‍ലൈന്‍ ഗെയ്മിംഗ് ബിൽ പാസാക്കിയത്.
അതേസമയം, ഭരണഘടനാഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോൾ ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അംഗങ്ങള്‍ക്ക് വിതരണം ചെയ്യാതെയാണ് ബില്ല് കൊണ്ടുവന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന ബില്ലാണിതെന്ന് ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരാളെ ശിക്ഷിക്കാന്‍ എങ്ങനെ കഴിയുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാര്‍ പ്രതികരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കുന്നതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.