കൊച്ചി-ലണ്ടന്‍ വിമാനം നിര്‍ത്തലാക്കുന്നത് തടയണമെന്ന് ലോക കേരളസഭ യുകെ ഘടകം; വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനല്‍കി കേരളാ സര്‍ക്കാര്‍

കൊച്ചി – ലണ്ടൻ (ഗാറ്റ്വിക്) എയർ ഇന്ത്യ വിമാനം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് കേരള സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോകകേരള സഭ യുകെ ഘടകം നല്‍കിയ നിവേദനത്തിനാണ് കേരള സര്‍ക്കാരിന്റെ മറുപടി.
കൊച്ചി – ലണ്ടൻ ഗാഡ്വിക് എയർ ഇന്ത്യ വിമാനം 2025 മാർച്ച് 30 മുതൽ നിർത്തലാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം. ഈ തീരുമാനം പുനപരിശോധിക്കാൻ എയർഇന്ത്യയോടും വ്യോമയാന ഗതാഗത മന്ത്രാലയത്തോടും ആവശ്യപ്പെടണമെന്നായിരുന്നു ലോക കേരള സഭ യുകെ ഘടകം നിവേദനത്തില്‍ ആവശ്യപ്പെട്ടത്. അതല്ലാത്ത പക്ഷം സമാന യാത്ര സൗകര്യം ഉറപ്പാക്കാന്‍ നടപടി വേണം. വിദ്യാർഥികളും പ്രഫഷണലുകളും വയോധികരും അടക്കം നിരവധി പേർ ആശ്രയിക്കുന്ന വിമാനമാണ് കൊച്ചി-ലണ്ടന്‍.

ഇതു നിർത്തലാക്കിയാൽ യാത്ര ചെലവ്, യാത്രാ സമയം എന്നിവ വർധിക്കുകയും ലണ്ടൻ യാത്ര ദുഷ്കരമാവുകയും ചെയ്യും. കൊവിഡ് മഹാമാരിക്കാലത്ത് 2020 ഓഗസ്റ്റിലായിരുന്നു ഈ സർവീസ് ആരംഭിച്ചത്. നടപടി ആവശ്യപ്പെട്ട് ലോക കേരള സഭ ( യുകെ) ഘടകം ഭാരവാഹികളായ പ്രഫ. ജിൻ ജോസ്, വിശാൽ ഉദയകുമാർ, ലജീവ് രാജീവ്, ആഷിക്ക് മുഹമ്മദ് നാസർ, കുര്യൻ ജേക്കബ്, ഡോ. ബിജു പെരിങ്ങത്തറ, ലിനു വർഗീസ്, ഷൈമോൻ തോട്ടുങ്കൽ, സി.എ. ജോസഫ്, അഡ്വ. ദിലീപ് കുമാർ, ജോബിൻ ജോസ്, സുനിൽ മലയിൽ, ജയൻ ഇടപ്പാൾ, ജോജി കുര്യാക്കോസ്, എസ്. ശ്രീകുമാർ,സ്മിത ദിലീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേരള സര്‍ക്കാരിന് പരാതി നൽകിയത്.

More Stories from this section

family-dental
witywide