
ദുൽഖർ സൽമാൻ്റെ നിർമാണത്തിൽ പുറത്തിറങ്ങിയ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പുതിയ ലോക- ചാപ്റ്റർ വൺ: ചന്ദ്ര എന്ന ചിത്രത്തെ സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാക്കള്‍. ബെംഗളൂരു നഗരം പശ്ചാത്തലമാക്കിയുള്ള ചിത്രത്തിലെ ഒരു ഡയയോഗ് ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കര്‍ണാടകത്തില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വേഫെറര്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഞങ്ങളുടെ ചിത്രമായ ലോക: ചാപ്റ്റര്‍ 1 ലെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഞങ്ങള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. വേഫെറര്‍ ഫിലിംസില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം ജനങ്ങള്‍ക്കാണ് ഞങ്ങള്‍ നല്‍കുന്നത്. സംഭവിച്ച ഈ അശ്രദ്ധയില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഇത് ബോധപൂര്‍വ്വം ആയിരുന്നില്ല. ചോദ്യംചെയ്യപ്പട്ടിരിക്കുന്ന സംഭാഷണം എത്രയും വേഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഉണ്ടായ മനോവിഷമത്തില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്ന് വേഫെറര്‍ ഫിലിംസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ലോക- ചാപ്റ്റർ വൺ: ചന്ദ്ര ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് . ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര.