
ബെംഗളൂരു: മൈസൂർ നഗരവികസന അതോറിറ്റിയുടെ (മുഡ) ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും എതിരെ അന്വേഷണം നടത്താൻ തെളിവുകളില്ലെന്ന് ലോകായുക്തയുടെ നിലപാട്. സിദ്ധരാമയ്യയ്ക്കും പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ സിവിൽ സ്വഭാവമുള്ളതാണെന്നും ക്രിമിനൽ കുറ്റത്തിന് അനുയോജ്യമല്ലാത്തതുമാണെന്ന് ലോകായുക്ത വ്യക്തമാക്കി.
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്തെഴുതിയ അഴിമതി വിരുദ്ധ പ്രവർത്തകയായ സ്‌നേഹമയി കൃഷ്ണയ്‌ക്ക് നൽകിയ നോട്ടീസിലാണ് ലോകായുക്ത ഇക്കാര്യം പറഞ്ഞത്. സിദ്ധരാമയ്യ മുതൽ നാലാം നമ്പർ പ്രതി വരെയുള്ളവർക്കെതിരായ ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തെ തുടർന്ന് അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയാണെന്നും പരാതിക്കാരിക്ക് പ്രതികരണം അറിയിക്കാൻ ഒരാഴ്ച സമയം അനുവദിച്ചെന്നും അതിനുശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും ലോകായുക്ത അറിയിച്ചു.
എങ്കിലും, മുഖ്യമന്ത്രിയുടെ ഭാര്യക്കുൾപ്പെടെ 2016 നും 2024 നും ഇടയിൽ മുഡ ഭൂമി അനുവദിച്ചതിൽ പരിശോധന തുടരുമെന്നും അനുബന്ധ റിപ്പോർട്ട് കോടതിയിൽ നൽകും. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസും നിലനിൽക്കുന്നുണ്ട്.