വിദേശത്തേക്ക് കടക്കാന്‍ സാധ്യത ; വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊച്ചി : ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വേടന്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടന്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും. കേസില്‍ തൃക്കാക്കര എ സി പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ് എച്ച് ഒയ്ക്കാണ് നിലവിലെ ചുമതല.

വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചെന്ന് കാട്ടി യുവ ഡോക്ടര്‍ നല്‍കിയ ബലാത്സംഗ കേസിനു പിന്നാലെയാണ് വേടന്‍ ഒളിവില്‍ പോയത്. ഇതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.

More Stories from this section

family-dental
witywide