
കാലിഫോര്‍ണിയ: യുഎസിലെ ലോസ് ഏഞ്ചല്‍സിലുടനീളമുള്ള അതിദാരുണമായ കാട്ടുതീ ചെറുക്കുന്നതിനിടയില്‍ ഏറ്റവും വലിയ വെല്ലുവിളിയായി ജലക്ഷാമം. ചില പ്രദേശങ്ങളിലെ ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് ആവശ്യമായ ജലം ലഭ്യമാക്കാന്‍ കഴിയാത്തതായി റിപ്പോര്‍ട്ട്. ഇതോടെ കുറഞ്ഞ ജല സമ്മര്‍ദ്ദംകൊണ്ട് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളുകയാണ്.
ലോസ് ഏഞ്ചല്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാട്ടര്‍ ആന്‍ഡ് പവര്‍ (ഡിബ്ല്യുപി) ഉം മറ്റ് പ്രാദേശിക ജല യൂട്ടിലിറ്റികളും വലിയതരത്തിലുള്ള വെല്ലുവിളിയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കാട്ടുതീ അണയ്ക്കലിന്റെ ഭാഗമായി അഗ്‌നിശമന സേനാംഗങ്ങള്‍ ദീര്‍ഘകാലത്തേക്ക് വന്‍തോതില്‍ വെള്ളം വലിച്ചെടുക്കാന്‍ ശ്രമിച്ചു. ഇത് ജലക്ഷാമത്തിലേക്ക് നയിക്കുകയാണ്. നഗരത്തിലെ ജല സംവിധാനങ്ങള്‍ ഒരിക്കലും വലിയ തോതിലുള്ള അഗ്‌നിശമന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ലെന്ന് ഡിബ്ല്യുപി യുടെ മുന്‍ ജനറല്‍ മാനേജര്‍ മാര്‍ട്ടിന്‍ ആഡംസ് പറഞ്ഞു.
പ്രത്യേകിച്ച് ദുരിതബാധിത പ്രദേശമായ പസഫിക് പാലിസേഡില്‍, നിരവധി ഹൈഡ്രന്റുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കാനായിട്ടില്ല. അല്‍തഡീനയിലും പസഡീനയിലും സമാനമായ പ്രശ്‌നങ്ങളാണുള്ളത്. അവിടെങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ കുറഞ്ഞ ജല സമ്മര്‍ദ്ദ പ്രശ്‌നം ചൂണ്ടിക്കാട്ടുന്നു.
തീ അണയ്ക്കാന്‍ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്നതിനായി ടാങ്കര്‍ ട്രക്കുകള്‍ അയച്ചിരുന്നെങ്കിലും. പ്രായോഗികമായി ഇതും കടുത്ത വെല്ലുവിളി നേരിട്ടു. ജലവിതരണ വെല്ലുവിളികളില്‍ ഭൂപ്രകൃതി ഒരു മുഖ്യപങ്കു വഹിക്കുന്നു. സമുദ്രനിരപ്പ് മുതല്‍ 1,500 അടിയില്‍ കൂടുതല്‍ ഉയരങ്ങള്‍ വരെ ലോസ് ഏഞ്ചല്‍സ് വ്യാപിച്ചുകിടക്കുന്നു. പസഫിക് പാലിസേഡ്‌സിൽ, പ്രാദേശിക ജലസംവിധാനം കുന്നിൻ മുകളിലുള്ള പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഗുരുത്വാകർഷണത്താൽ പ്രവർത്തിക്കുന്ന സംഭരണ ടാങ്കുകളെയാണ് ആശ്രയിക്കുന്നത്. ഏകദേശം ഒരു ദശലക്ഷം ഗാലൺ വീതം ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ടാങ്കുകൾ താഴെയുള്ള ഹൈഡ്രന്റുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്നു. എന്നിരുന്നാലും, തീവ്രമായ അഗ്നിശമന ശ്രമങ്ങൾ ടാങ്കുകളെ വേഗത്തിൽ വറ്റിച്ചു.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ജലവിതരണ പരാജയങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു, റിപ്പോര്‍ട്ടുകളെ ‘അഗാധമായി അസ്വസ്ഥത ഉളവാക്കുന്നവ’ എന്ന് വിശേഷിപ്പിച്ചു.