സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ആവശ്യമായ പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും തിരുത്തൽ വരുത്തി തിരിച്ചടി അതിജീവിച്ച അനുഭവം ഉണ്ടെന്നും എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്ന പ്രചാരവേല തെറ്റാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ 77 ബ്ലോക്ക് പഞ്ചായത്തും 343 ഗ്രാമപഞ്ചായത്തിലും സിപിഎം വിജയിച്ചു. ഇത് 70 സീറ്റിന് തുല്യമാണ്. 28 മുനിസിപ്പാലിറ്റി കളിലും വിജയിച്ചു. 2010 ൽ ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായി. ആ പരാജയത്തെ ഫലപ്രദമായി നേരിട്ട് പിന്നീട് എൽഡിഎഫ് മുന്നോട്ടുവന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
പകുതി ജില്ലാ പഞ്ചായത്തിലും ജയിക്കാനായത് വലിയ നേട്ടമാണ്. വർഗീയശക്തികളുമായി യുഡിഎഫ് പരസ്യവും രഹസ്യവുമായ നീക്കുപോക്ക് ഉണ്ടാക്കി. അതേ സമയം തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയമൊഴിച്ചാൽ ബിജെപിക്ക് കാര്യമായ നേട്ടം ഇല്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
പന്തളം മുനിസിപ്പാലിറ്റിയിൽ അടക്കം എൽഡിഎഫ് ജയിച്ചു. ശബരിമല ഉൾക്കൊള്ളുന്ന വാർഡിൽ ബിജെപി തോറ്റു. പാലക്കാട് നഗരസഭയിലും ഭൂരിപക്ഷമില്ല. സംഘടനാപരമായ പോരായ്മകൾ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലും. ഇതിനെ അതിജീവിച്ചു പാർട്ടി മുന്നോട്ടു പോകും. എൽഡിഎഫ് വിരുദ്ധ വികാരമല്ലെന്നും അങ്ങനെയെങ്കിൽ 7 ജില്ലാ പഞ്ചായത്തിൽ വിജയിക്കില്ലായിരുന്നുവെന്നും സർക്കാരിന്റെ പ്രവർത്തനം ഏറ്റവും മെച്ചപ്പെട്ടത് തന്നെയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗായത്രി ബാബുവിന്റെ മേയർക്കെതിരായ അത്തരം പോസ്റ്റുകളോട് ഒന്നും തനിക്ക് യോജിപ്പില്ല. എംഎം മണിയുടെ വാക്കുകളെ വളച്ചൊടിച്ചതാണ്. അദ്ദേഹം സാധാരണ ഉപയോഗിക്കുന്ന ഒരു ശൈലിയിൽ പറഞ്ഞതാണത്. ആർക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ കോൺഗ്രസുമായി ചേർന്നോ ബിജെപിയുമായി ചേർന്നോ ഭരണം പങ്കിടാൻ ഇപ്പോൾ ആലോചിച്ചിട്ടില്ല. കൊല്ലം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് പരാജയം ഞെട്ടിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Losing once doesn’t mean losing everything, we will conduct necessary checks and make corrections; MV Govindan reacts to local body election setback in Kerala









