
കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ കഴിയുന്ന പി സി ജോർജ് വീണ്ടും വിവാദ പ്രസംഗവുമായി രംഗത്ത്. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നതടക്കമുള്ള പരാമർശങ്ങളിലൂടെയാണ് പി സി ജോർജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 ഓളം പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നാണ് ജോര്‍ജ് പ്രസംഗിച്ചത്. ഇതിൽ 41 പേരെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും പി സി പറഞ്ഞു. യാഥാര്‍ത്ഥ്യവും സാഹചര്യവും മനസിലാക്കി രക്ഷിതാക്കള്‍ പെൺകുട്ടികളെ 24 വയസ്സിനു മുൻപ് വിവാഹം കഴിപ്പിച്ചയക്കണമെന്നും പിസി ജോർജ് പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ പറഞ്ഞു.
ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെയിരിക്കുന്നത്. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. 25 വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണത്. ഇത് പറയുമ്പോൾ എന്നോട് ക്ഷമിക്കണം. 22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ. മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോൾ എനിക്ക് തോന്നിയല്ലോ പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം. അപ്പോൾ പെണ്ണുങ്ങൾക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണെന്നും പി സി. ജോർജ് പറഞ്ഞു.