
പാരീസ്: ലോകപ്രശസ്തമായ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം സ്ഥിരീകരിച്ചു. ലൂവ്ര് മ്യൂസിയത്തിൽ നിന്നും നെപ്പോളിയന്റെ വിലമതിക്കാനാവാത്ത ആഭരണം മോഷണം പോയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലൂവ്ര് മ്യൂസിയത്തിലെ മോഷണം സ്ഥിരീകരിച്ച ഫ്രഞ്ച് സാംസ്കാരിക മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയില്ല. മോഷണത്തെ തുടർന്ന് മ്യൂസിയം അടച്ചിട്ട് സന്ദർശകരെ ഒഴിപ്പിച്ചെന്നും ഫ്രഞ്ച് പൊലീസ് സ്ഥലം സീൽ ചെയ്തെന്നും മന്ത്രി വ്യക്തമാക്കി. മോണാലിസയുടെ ചിത്രം ഉൾപ്പെടെ വിലപ്പെട്ട കലാസൃഷ്ടികൾ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ് ലൂവ്ര്, ഇവിടെ നടന്ന ഈ ധീരമായ മോഷണം വലിയ ഞെട്ടൽ സൃഷ്ടിച്ചിരിക്കുകയാണ്.
മുഖംമൂടി ധരിച്ച മൂന്നംഗ സംഘം ചെറിയ ചെയിൻ സോകളുമായി എത്തി, ജനൽ തകർത്ത് അപ്പോളോ ഗാലറിയിൽ പ്രവേശിച്ചാണ് മോഷണം നടത്തിയത്. കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ട ട്രക്കിൽ ഘടിപ്പിച്ച ഗുഡ് ലിഫ്റ്റ് (ഏണി) ഉപയോഗിച്ചാണ് പ്രതികൾ അകത്ത് കടന്നത്. ആഭരണങ്ങളുമായി സ്കൂട്ടറിൽ രക്ഷപ്പെട്ട മോഷ്ടാക്കൾക്ക് പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, മ്യൂസിയത്തിന് സമീപമുള്ള നദീതീര റോഡ് അടച്ചിട്ടുണ്ട്.
മോഷണം പോയവയിൽ സാംസ്കാരികമായി അതിവലിയ പ്രാധാന്യമുള്ള വിലമതിക്കാനാവാത്ത ആഭരണങ്ങളാണെന്ന് ഫ്രഞ്ച് സർക്കാർ വ്യക്തമാക്കി. എന്തൊക്കെ നഷ്ടപ്പെട്ടുവെന്നതിന്റെ കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. “അസാധാരണ കാരണങ്ങളാൽ” മ്യൂസിയം താൽക്കാലികമായി അടച്ചുവെന്ന് അധികൃതർ സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഫ്രഞ്ച് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, മോഷ്ടാക്കളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.