
ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ലഗേജിന് തൂക്ക പരിധി വരുന്നു. സൗജന്യ പരിധിക്കു മുകളിലാണ് കൈവശമുള്ള ലഗേജെങ്കിൽ പണം അടയ്ക്കണം. സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും നടപ്പാക്കുക. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്.
ലഗേജ് നിരക്ക് ഇങ്ങനെ
- എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ സൗജന്യമായി കൊണ്ടുപോകാം. പണം അടച്ച് പരമാവധി 150 കിലോ.
- സെക്കൻഡ് എസിയിൽ 50 കിലോ സൗജന്യമായും പണം അടച്ച് 100 കിലോ വരെയും കൊണ്ടുപോകാം.
- തേഡ് എസിയിൽ 40 കിലോ മാത്രമേ അനുവദിക്കൂ.
- സ്ലീപ്പർ കോച്ചുകളിൽ 40 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 80 കിലോ വരെ
- ജനറൽ കോച്ചുകളിൽ 35 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 70 കിലോ വരെ
- വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങൾ യാത്രാ കോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല
- ലഗേജുകളുടെ വലുപ്പം- ഒരു മീറ്റർ നീളം, 60 സെന്റി മീറ്റർ വീതി, 25 സെന്റി മീറ്റർ ഉയരം
- കൂടുതൽ വലുപ്പമുള്ളവ പാഴ്സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.
- ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധിക ഭാരത്തിന് ഈടാക്കുക
Luggage weight limit coming on trains, excess weight will be charged one and a half times the luggage rate













