
കൊച്ചി: കേരളത്തിൽ വീണ്ടും 500 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന ലുലു ഗ്രൂപ്പിന്‍റെ ഐടി ട്വിൻ ടവർ ഉദ്‌ഘാടന ചടങ്ങിലാണ് ഇക്കാര്യം ലുലു ചെയര്‍മാൻ അറിയിച്ചതെന്നും മൂന്നര ഏക്കറിൽ ഒമ്പതര ലക്ഷം സ്‌ക്വയർഫീറ്റ് വരുന്ന ഒരു ഐടി ടവറിന്‍റെ രൂപത്തിലായിരിക്കും ഈ നിക്ഷേപം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ നിക്ഷേപം വരുന്നതോടെ 7500 പ്രൊഫഷണലുകൾക്കെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫോപാർക്കിന്‍റെയും അതുവഴി കേരളത്തിന്‍റെ ഐടി മേഖലയുടെയും വളർച്ചയിൽ വലിയ മുതൽക്കൂട്ടായിരിക്കും പുതിയ ഐടി ടവർ എന്നും ഈ പുതിയ സംരംഭത്തിന് സംസ്ഥാന സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇനിയും അനേകം സംരംഭങ്ങളുയർന്നു വരാൻ ലുലു ഐടി ടവർ വഴി തെളിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ ലഭിക്കാനുള്ള സൗകര്യം കൂടിയാണിത്. ലുലു ട്വിൻ ടവർ പോലുള്ള ഏറ്റവും നൂതനമായ സൗകര്യങ്ങളോടെയുള്ള തൊഴിലിടങ്ങൾ ഇനിയും കൂടുതൽ കമ്പനികളെ ഇവിടേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്.