തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ രണ്ടാമത്തെ ലൈംഗികാക്രമണ കേസിൽ 23-കാരി അതിജീവിത അന്വേഷണ സംഘത്തിന് മൊഴി നൽകി. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. വിവാഹ വാഗ്ദാനം നൽകി രാഹുൽ ബന്ധം സ്ഥാപിച്ചതായും, ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ഹോംസ്റ്റെയിലേക്ക് വിളിച്ചുവരുത്തിയതായും യുവതി വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ക്രൂരമായ ബലാത്സംഗത്തിന് ശേഷം “ഒരു കുഞ്ഞ് വേണം” എന്ന് രാഹുൽ ആവശ്യപ്പെട്ടതായും, നിരന്തര ശല്യങ്ങളും അസഭ്യവാക്കുകളും ഉണ്ടായതായും മൊഴിയിൽ പറഞ്ഞു. ഫോൺ വിളികൾക്ക് മറുപടി നൽകാതിരുന്നാൽ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും, കാറുമായി വീടിനടുത്ത് എത്തി കൂടെ വരാൻ നിർബന്ധിച്ചതായും യുവതി ആരോപിച്ചു. ലൈംഗികാക്രമണത്തിന് ശേഷം വിവാഹം ചെയ്യാൻ കഴിയില്ലെന്ന് രാഹുൽ പറഞ്ഞതായി അവർ വ്യക്തമാക്കി.
കേസുമായി മുന്നോട്ടുപോകാൻ ഭയപ്പെടുന്നുവെന്നും അന്വേഷണ സംഘത്തോട് യുവതി പറഞ്ഞു. രാഹുൽ നിലവിൽ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ട നിലയിലാണ്. ആദ്യകേസിലെ ജാമ്യാപ്പീലിൽ ഹൈക്കോടതി താൽക്കാലിക സംരക്ഷണം നൽകിയെങ്കിലും രണ്ടാമത്തെ കേസിൽ സെഷൻസ് കോടതി അനൃഗ്രഹിച്ചിട്ടില്ല.











