‘പൂക്കളുടെ പുസ്തക’ത്തിന് ലഭിച്ച കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച് എം സ്വരാജ്; ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കില്ലെന്ന് നിലപാട്

തിരുവനന്തപുരം:‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസത്തിന് ലഭിച്ച കേരള സാഹിത്യ അക്കാദമി പുരസ്കാരം സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നിരസിച്ചു. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ
മുൻപുതന്നെയുള്ള നിലപാടാണെന്നും അതുകൊണ്ടാണ് ഈ പുരസ്കാരവും നിരസിക്കുന്നതെന്ന് സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് വിശദീകരിച്ചു.

പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നുവെന്ന് പറഞ്ഞ സ്വരാജ്, അക്കാദമിയോട് ബഹുമാനം മാത്രമെന്നും വ്യക്തമാക്കി. നേരത്തെ ഉപന്യാസ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡാണ് ‘പൂക്കളുടെ പുസ്തക’ത്തിന് ലഭിച്ചത്.

സ്വരാജിന്‍റെ കുറിപ്പ്

കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു.
ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്.
ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്‌.
മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു.
അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല.
ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്.
പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു.
അക്കാദമിയോട് ബഹുമാനം മാത്രം.

More Stories from this section

family-dental
witywide