
തൃശൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനിടെ സി പി എം നേതാവ് എം സ്വരാജിന് ആശ്വാസമായി കേരള സാഹിത്യ അക്കാദമി പുരസ്കാരം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്കാരം നേടിക്കൊടുത്തത്. ഉപന്യാസ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡാണ് ‘പൂക്കളുടെ പുസ്തക’ത്തിന് ലഭിച്ചത്.
അതേസമയം ഇന്ദുഗോപന്റെ ‘ആനോ’മാണ് 2024 ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. അനിതാ തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പ്’ മികച്ച കവിതയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. എഴുത്തുകാരായ പി.കെ.എൻ. പണിക്കർ , പയ്യന്നൂർ കുഞ്ഞിരാമൻ , എം.എം. നാരായണൻ , ടി.കെ. ഗംഗാധരൻ , കെ.ഇ.എൻ , മല്ലികാ യൂനിസ് എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
ഏറ്റവും മികച്ച ചെറുകഥ – വി. ഷിനിലാൽ ( ഗരിസപ്പാ അരുവാ അഥവാ ഒരു ജലയാത്ര), നാടകം – ശശിധരൻ നടുവിൽ ( പിത്തള ശലഭം ), സാഹിത്യ വിമർശനം – ജി. ദിലീപൻ ( രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങൾ), വൈജ്ഞാനിക സാഹിത്യം – ദീപക് പി ( നിർമിത ബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം), ജീവചരിത്രം / ആത്മകഥ – ഡോ . കെ. രാജശേഖരൻ നായർ ( ഞാൻ എന്ന ഭാവം ), യാത്രാ വിവരണം – കെ.ആർ. അജയൻ (ആരോഹണം , ഹിമാലയം ), ഹാസസാഹിത്യം – നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത – വരുത്തരച്ച ചരിത്രത്തോടൊപ്പം) എന്നിവരാണ് മറ്റ് അക്കാദമി അവാർഡ് ജേതാക്കള്‍. സി.ബി. കുമാർ എൻഡോവ്മെന്‍റ് ( ഉപന്യാസം) പുരസ്കാരം സി പി എം നേകാവ് എം സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ അർഹമായി.
2024ലെ സാഹിത്യ അക്കാദമി എന്‍ഡോവിമെന്റ് അവാർഡുകളും വിശിഷ്ടാംഗത്വവും (ഫെല്ലോഷിപ്പ് ) പ്രഖ്യാപിച്ചു. ഗീതാ ഹിരണ്യൻ അവാർഡ് (ചെറുകഥ)- പൂക്കാരൻ സലിം ഷെരീഫ്, കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശം)- ഡോ. എസ്.എസ്. ശ്രീകുമാർ (മലയാള സാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനം), യുവകവിതാ അവാർഡ്- ദുർഗ്ഗാപ്രസാദ് (രാത്രിയിൽ അച്ചാങ്കര), ജി.എൻ. പിളള അവാർഡ് (വൈജ്ഞാനികസാഹിത്യം) – ഡോ. സൗമ്യ കെ.സി (കഥാപ്രസംഗം കലയും സമൂഹവും), ഡോ. ടി.എസ്. ശ്യാംകുമാർ (ആരുടെ രാമൻ ?), തുഞ്ചൻ സ്‌മാരക പ്രബന്ധമത്സരം – ഡോ. പ്രസീദ കെ.പി (എഴുത്തച്ഛന്റെ കാവ്യഭാഷ) എന്നിവർ അർഹരായി. നോവൽ / നോവലിസ്റ്റിനെക്കുറിച്ചുളള പഠനത്തിന് നല്‍കുന്ന വിലാസിനി പുരസ്കാരത്തിന് ഈ വർഷം അർഹമായ കൃതി ഇല്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. എഴുത്തുകാരായ കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ് ) ലഭിച്ചു.