എംഎം മണിയെ തള്ളി എംഎ ബേബി; ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഔദാര്യമല്ല, ജനങ്ങളുടെ അവകാശം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ തിരിച്ചടി നേടിയ സന്ദർഭത്തിൽ എംഎം മണി നടത്തിയ വിവാദമായ ക്ഷേമപെൻഷൻ പരാമർശത്തിൽ എം എം മണിയെ തള്ളി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. മണിയുടേത് തികച്ചും അനുചിതമായ പ്രസ്താവനയെന്നും ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സർക്കാർ കൊടുക്കുന്ന ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും മണിയെ തള്ളിക്കൊണ്ട് എം എ ബേബി പറഞ്ഞു.

ഇടതുപക്ഷം എന്നും ആ സമീപനമാണ് പിന്തുടരുന്നത്. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനം എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി കൂട്ടിച്ചേർത്തു. അതേസമയം, എം എം മണിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പെൻഷൻ എല്ലാം കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നും നന്ദികേട് കാണിച്ചു എന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമർശം.

പരാമർശത്തിനെതിരെ എം വി ജയരാജനും രംഗത്തുവന്നിരുന്നു. എം എം മണി നടത്തിയ പരാമർശത്തെ തോൽവിയുടെ ഭാഗമായി ഉണ്ടായ ഒന്നായി കാണണമെന്നും പെൻഷൻ ഉൾപ്പെടെയുള്ളവ വർധിപ്പിച്ചിട്ടും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് കണ്ടെത്തണമെന്നും എന്നിങ്ങനെ മണിയെ തള്ളാതെയായിരുന്നു ജയരാജൻ പ്രതികരിച്ചത്. എംഎം മണിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി സി സതീശനും രംഗത്തുവന്നിരുന്നു. ആനുകൂല്യങ്ങൾ ഇവരുടെ വീട്ടില്‍ നിന്ന് ഔദാര്യം കൊടുത്തതാണോ എന്നും മണി പറഞ്ഞത് പിണറായി വിജയന്‍ അടക്കമുള്ളവരുടെ മനസിലിരിപ്പാണെന്നുമായിരുന്നു വിഡി സതീശന്‍ പ്രതികരിച്ചത്.

MA Baby rejects MM Mani; Welfare pension and other benefits are not generosity, they are the right of the people

More Stories from this section

family-dental
witywide