
വാഷിംഗ്ടൺ: പലസ്തീൻ കുട്ടികളുടെ ദുരിതം നേരിൽ കാണുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഗാസ സന്ദർശിക്കാൻ മാർപ്പാപ്പയോട് അഭ്യർത്ഥിച്ച് അമേരിക്കൻ പോപ് ഗായിക മഡോണ. “ഇനി സമയമില്ല” എന്ന് പറഞ്ഞുകൊണ്ടാണ് മഡോണയുടെ അഭ്യർത്ഥന.
റോമൻ കത്തോലിക്കാ വിശ്വാസിയായി വളർന്ന മഡോണ, തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പുതിയ മാർപ്പാപ്പയോട് ഗാസ സന്ദർശിക്കാൻ ആഭ്യർഥിച്ചത്.
“പരിശുദ്ധ പിതാവേ, വളരെ വൈകുന്നതിന് മുമ്പ് അങ്ങ് ഗാസ സന്ദർശിച്ച് അവിടുത്തെ കുട്ടികൾക്ക് വെളിച്ചം പകരണം. ഒരു അമ്മയെന്ന നിലയിൽ അവരുടെ ദുരിതം കാണാൻ എനിക്ക് സാധിക്കുന്നില്ല. ലോകത്തിലെ കുട്ടികളെല്ലാം നമ്മുക്ക് എല്ലാവർക്കും അവകാശപ്പെട്ടതാണ്. പ്രവേശനം നിഷേധിക്കാൻ സാധിക്കാത്ത ഒരേയൊരാൾ അങ്ങാണ്” – മഡോണ കുറിച്ചു.