കരൂര്‍ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

തമിഴ്നാട്ടിലെ ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് വ്യക്തമാക്കി.

കരൂര്‍ അപകടവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കുന്നത്. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിയുടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കും. പാർട്ടിയുടെ അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇനി പരിഗണിക്കാനുണ്ട്. അപകടത്തില്‍ വിജയ് യെ പ്രതിച്ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ടിവികെ നേതാക്കള്‍ ആയിട്ടുള്ള എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയും പരിഗണിക്കും.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ദേശീയ പാതയിലോ സംസ്ഥാനപാതയിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളോ പൊതുയോഗങ്ങളോ നടത്തരുതെന്നും കോടതി ഇന്ന് ഉത്തരവിട്ടു. നേരത്തെ ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ ഒരു നിയമാവലി ഉണ്ടാക്കണം. അതുവരെ ഇത്തരത്തിലുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide