
ചെന്നൈ : തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി. കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സംഘടനയായ തൊണ്ടൈ മണ്ഡല സാന്‍ട്രോര്‍ ധര്‍മ പരിപാലന സഭ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് നോട്ടിസ് അയച്ചത്. ടിവികെ പതാകയില്‍ ആനയുടെ ചിഹ്നം ഉപയോഗിക്കുന്നതിനിടെ ബിഎസ്പി നല്‍കിയ കേസ് ഹൈക്കോടതിയില്‍ തുടരുന്നതിനിടെയാണു പുതിയ വിവാദം.
കൊടിയില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ ‘മോഷണ’മാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഉല്‍പന്നങ്ങള്‍ക്കുള്ള റജിസ്റ്റേഡ് മുദ്ര രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയ്ക്ക് എങ്ങനെ ബാധകമാകുമെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തില്‍ രാമമൂര്‍ത്തി ചോദിച്ചു. എന്നാല്‍, റജിസ്റ്റേഡ് മുദ്ര സന്നദ്ധ സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും ബാധകമാണെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ മറുപടി. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാവശ്യപ്പെട്ടാണ് ടിവികെയ്ക്കു കോടതി നോട്ടിസ് അയച്ചിരിക്കുന്നത്.