
കരീബിയൻ കടലിൽ അമേരിക്കയുടെ കടുത്ത ഉപരോധവും സൈനിക വിന്യാസവും ശക്തമാക്കുന്നതിനിടെ, റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൈനിക സഹായം അഭ്യർഥിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ രംഗത്തെത്തി. പ്രതിരോധ റഡാറുകൾ, വിമാന അറ്റകുറ്റപ്പണികൾ, മിസൈലുകൾ തുടങ്ങിയവയ്ക്കായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും കത്തിലൂടെ ബന്ധപ്പെട്ട മദൂറോ, ചൈനീസ് കമ്പനികളുടെ റഡാർ സംവിധാനങ്ങൾ വേഗത്തിൽ ഉൽപാദിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, വെനസ്വേലയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്ന ഏത് ശക്തിയെയും മറികടക്കാൻ സഹായിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പ്രതികരിച്ചു.
അമേരിക്കയുടെ ഏറ്റവും ആധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കരീബിയൻ പ്രദേശത്തേക്ക് എത്തിച്ചതാണ് വെനസ്വേലയെ ആശങ്കയിലാക്കിയത്. ലഹരിക്കടത്ത് തടയലിന്റെ ഭാഗമായി നടത്തുന്ന നീക്കമാണിതെങ്കിലും, നിലവിൽ മെഡിറ്ററേനിയൻ കടലിലുള്ള കപ്പൽ ഉടൻ ലാറ്റിൻ അമേരിക്കൻ തീരത്തേക്ക് നീങ്ങുമെന്നാണ് സൂചന. ഇതോടെ കരീബിയനിലെ യുഎസ് സൈനിക സാന്നിധ്യം ഗണ്യമായി വർധിച്ചു.
യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ തീരത്ത് നിരവധി ബോട്ടുകൾ അമേരിക്കൻ സൈന്യം തകർത്തിരുന്നു. മദൂറോയ്‌ക്കെതിരെ മയക്കുമരുന്ന് ഭീകരവാദ കേസുകൾ യുഎസിൽ നിലനിൽക്കുന്നതിനിടെ, അദ്ദേഹം കടത്ത് സംഘടനയുടെ തലവനാണെന്ന ട്രംപിന്റെ ആരോപണങ്ങൾ മദൂറോ നിഷേധിച്ചു.















