ലഡാക്ക് സംഘർഷവും വെടിവെപ്പുമടക്കമുള്ള സംഭവങ്ങളിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു, സോനം വാങ്ചുക്കിന്റെ മോചിപ്പിക്കാതെ കേന്ദ്രവുമായി ചർച്ചയില്ലെന്ന് കെഡിഎ

ലഡാക്കിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലഡാക്ക് ഭരണകൂടം മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. വെടിവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് തീരുമാനം. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 4 മുതൽ 18 വരെ ലേയിലെ ജില്ലാ കളക്ടറുടെ ഓഫീസിൽ ബന്ധപ്പെടണമെന്ന് ഭരണകൂടം നിർദേശിച്ചു. എന്നാൽ, ഹൈക്കോടതിയോ സുപ്രീംകോടതിയോ ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സമരം നടത്തുന്ന സംഘടനകൾ ആവശ്യപ്പെടുന്നത്.

കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചു. അദ്ദേഹത്തെ മോചിപ്പിക്കാതെ കേന്ദ്ര സർക്കാരുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് കെഡിഎയുടെ കോ-ചെയർമാൻ അസർ കർബലായി വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്നും, നിലവിലെ നിലപാട് പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിലും, കെഡിഎയുടെയും ലേ അപെക്സ് ബോഡിയുടെയും തീരുമാനങ്ങൾ ഈ വിഷയത്തിൽ നിർണായകമാകും.

ലഡാക്കിലെ നിയന്ത്രണങ്ങൾ പൂർണമായി നീക്കം ചെയ്യുന്നതിന് മുമ്പ് ഒരാഴ്ചത്തെ സ്ഥിതിഗതികൾ കൂടി വിലയിരുത്തുമെന്ന് ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര സർക്കാർ സംഘർഷം അവസാനിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും, സോനം വാങ്ചുക്കിന്റെ മോചനവും മറ്റ് ആവശ്യങ്ങളും നിറവേറ്റപ്പെടാതെ സമവായത്തിലെത്താൻ പ്രയാസമാണ്. പുതിയ സാഹചര്യങ്ങളിൽ, സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളും സർക്കാരിന്റെ നിലപാടും തമ്മിലുള്ള ചർച്ചകൾ ലഡാക്കിന്റെ ഭാവി രാഷ്ട്രീയ-സാമൂഹിക സ്ഥിതിഗതികളെ സ്വാധീനിക്കും.

More Stories from this section

family-dental
witywide