
പ്രയാഗ്‌രാജ്: ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തുടക്കമായി. തിങ്കളാഴ്‌ച പുലർച്ചെ, നടന്ന ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിന് സമീപമാണ് മഹാ കുംഭമേള നടക്കുന്നത്. മുക്കാൽ കോടിയിലേറെ ഭക്തർ ആദ്യ ദിനം പുണ്യസ്നാനം ചെയ്തെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്.
https://twitter.com/narendramodi/status/1878639071347761497?t=zI0urmvCALX705-d0lDmtg&s=19
അതിനിടെ മഹാകുംഭമേളയുടെ വിശേഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷം നല്കുന്നുവെന്നും, പവിത്രമായ സംഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യോഗിയാകട്ടെ മഹാ കുംഭമേളയുടെ വീഡിയോ അടക്കം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പങ്കിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാസ്കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്നും യോഗി വിവരിച്ചു.
അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്തമാണ്ണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന മേളയ്‌ക്കായി സംസ്ഥാന ബജറ്റ് 7,000 കോടി രൂപയാണ് ചിലവഴിക്കുന്നത്. കഴിഞ്ഞ കുംഭമേളയിൽ 24 കോടി തീർഥാടകരാണുണ്ടായത്. ഇത്തവണത്തേത് മഹാ കുംഭമേളയതിനാൽ തന്നെ തിരക്ക് വർധിക്കും. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.