മഹാ കുംഭമേളയിലെ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; ചിലരുടെ നില ഗുരുതരം, സ്ഥിതി നിയന്ത്രണ വിധേയമെന്ന് യോഗി

ന്യൂഡല്‍ഹി: മഹാ കുംഭമേളയില്‍ ഇന്ന് രാവിലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പതിനഞ്ചുപേര്‍ മരിച്ച ദാരുണ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി.

അപകട സ്ഥലത്തിനടുത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് ദുരന്തമുണ്ടായത്. മുപ്പതോളം സ്ത്രീകള്‍ ബോധരഹിതരായി വീണുതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്.

പരുക്കേറ്റ 30 ഓളം സ്ത്രീകള്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി മോദി കുറിച്ചു. ദുരിതബാധിതരെ പ്രാദേശിക ഭരണകൂടം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംഭവത്തിനുശേഷം, പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാല് തവണ സംസാരിച്ചു, വിവരങ്ങള്‍ ആരാഞ്ഞു. കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് അമിത്ഷായും എത്തിയിരുന്നു.

മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമ ഘട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായത്. ഏകദേശം 10 കോടി തീര്‍ത്ഥാടകര്‍ പുണ്യസ്‌നാനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്ന ഇടമാണിത്. സംഭവത്തില്‍ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.